ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കുന്ന രണ്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം. ബൈക്കിലെത്തിയയാൾ പിന്തുടരുകയും ലൈംഗികാതിക്രമം നടത്തിയെന്നും ക്രിക്കറ്റ് താരങ്ങൾ വെളിപ്പെടുത്തി.
സംഭവത്തിൽ ഇൻഡോർ സ്വദേശി അഖീൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് ക്രിക്കറ്റ് താരം ലൈംഗികാതിക്രമത്തിന് ഇരയായത്. വ്യാഴാഴ്ച രാവിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നിന്ന് ഒരു കഫേയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
ബൈക്കിൽ അഖീൽ രണ്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളെ പിന്തുടർന്നു. അവരിൽ ഒരാൾക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. ഉടൻ തന്നെ ഇരുവരും ടീം സെക്യൂരിറ്റി ഓഫീസറായ ഡാനി സിമ്മൺസിനെ വിവരം അറിയിച്ചു. ഡാനി വിവരം പോലീസിൽ അറിയിച്ചു.
ഇൻഡോർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ രണ്ട് താരങ്ങളെയും നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തി. ബിഎൻഎസ് സെക്ഷൻ 74, 78, എന്നിവ പ്രകാരം എംഐജി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിന്റെ നമ്പർ കണ്ടെത്തി. അതിൽ നിന്നും ഉടമസ്ഥനെ കണ്ടെത്തുകയും പ്രതിയിലേക്ക് എത്തിച്ചേരുകയുമായിരുന്നു.